എന്റെ മനസ്സെന്ന പൊയ്കയിൽ പൂത്ത ചിന്തകളാകുന്ന താമരമൊട്ടുകൾ ഇറുത്തെടുത്ത് ,ഇവിടെ വെയ്ക്കുന്നു...

2016, ഫെബ്രുവരി 23, ചൊവ്വാഴ്ച

ഒരു ന്യൂ ജനറേഷൻ ഭിക്ഷാടനം

സെപ്റ്റംമ്പർ മാസത്തിലെ ഒരു ദിവസം...സമയം ഏതാണ്ട് ഉച്ചയോടടുക്കുന്നു...എന്റെ  ഇളയ മകൾ ലച്ചുവിനെയും കളിപ്പിച്ച് ഹാളിലിരിക്കുമ്പോഴാണ് അടുക്കളയിൽ നിന്നും എന്റെ അമ്മായി അമ്മയുടെ  പതിഞ്ഞ സ്വരം കേൾക്കുന്നു...ആരോടോ സംസാരിക്കുകയാണെന്നു മനസ്സിലായി...ആകാംക്ഷയോടെ ലച്ചൂനേയും എടുത്ത് ഞാൻ പെട്ടന്ന് അടുക്കളയിലെത്തി...അമ്മ അടുക്കളത്തിണ്ണയിൽ നിന്ന് ആരോടോ തർക്കിക്കുകയാണ്..ആരാണ് എതിരാളി എന്നറിയാൻ ഞാൻ എത്തി കുത്തി മുറ്റത്തേക്കു നോക്കി..ഒരു പിച്ചക്കാരി...അല്ല അവരെ അങ്ങനെ വിളിച്ചാൽ  പിച്ചക്കാരികൾ എന്നെ ഓടിച്ചു തല്ലും..
..എണ്ണ തേക്കാത്ത ചപ്ര തലമുടിയും ,നനക്കാത്ത
ചെളിയും അഴുക്കും പുരണ്ട വസ്ത്രവും , പൊതു മുദ്രയായിട്ടുള്ള ആ പഴയ പിച്ചക്കാരി സ്റ്റൈൽ ഒക്കെ മാറി..എന്ന നഗ്നമായ സത്യം എനിക്ക് മനസ്സിലാക്കി തന്നത് അവരാണ്..അവരെ കുറിച്ചു ഞാൻ ഒന്നു വിവരിക്കാം ..എന്നിട്ട് നിങ്ങൾ പറയൂ അവരെ എന്തു വിളിക്കണമെന്ന്...
മെലിഞ്ഞ ഇളം കറുപ്പു നിറമുള്ള തമിഴത്തി...പ്രായം ഒരു പത്തു മുപ്പത്തഞ്ചു  കാണും..,ശ്രീത്വമുള്ള മുഖം..കഴുത്തിൽ ഒരേയൊരു മുത്തു മാല ,കൈയിൽ കുപ്പി വള..കറുപ്പു ബ്ളൗസ്സും,വൃത്തിയായുടുത്തിരിക്കുന്ന മഞ്ഞ കോട്ടേൺ സാരിയും...കാലിൽ ഒന്നാം തരം കമ്പനിയുടെ ചെരുപ്പ്...മുഖത്താണേൽ ആരേയും കൂസാത്ത, അമ്പടാ ഞാനേ ഭാവം..ആകെപ്പാടെ ഒരെടുപ്പ്...അവരെന്നേയും മോളേയും ആകെ ഒന്നു നോക്കി...വീണ്ടും തർക്കം തുടങ്ങി. തർക്ക വിഷയം ഇതാണ്..
സംഭവം അവരെ കാണാൻ ഒരു ബഹുരസമൊക്കെയുണ്ടേലും.. തെണ്ടുന്ന ശൈലിയും അതിനുപയോഗിക്കുന്ന വാക്കും ഒന്നാണ്...''എന്തെങ്കിലും തരണേ..''
എന്ന്‌..പക്ഷേ നമ്മുടെ കഥാപാത്രം നേരേ തിരിച്ചാണ്...
ദൈന്യതയോടെ എന്തെങ്കിലും തരണേ എന്നു അപേക്ഷിച്ചു ചോദിക്കുന്നതിനു പകരം ,
എന്തെങ്കിലും തരണം..  എന്നാണു പറയുന്നത് അതായത് ചോദ്യത്തിൽ ആഞ്ജാപനം...ഇതവരുടെ അവകാശമാണ് കൊടുത്തേ പറ്റൂ എന്ന ധ്വനി...കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആയതു കൊണ്ടാണോ അതോ അവരുടെ മട്ടും ഭാവവും ഇഷ്ടമാവാത്ത  കൊണ്ടാണോ എന്നുംഅറിയില്ല, അമ്മ ''ഒന്നും ഇല്ല ''
എന്നു തീർത്തു പറയുകയാണ്...
അവരാണേൽ അതു സമ്മതിക്കാനോ തിരിച്ചു പോകാനോ കൂട്ടാക്കുന്നില്ല..എന്തെങ്കിലും വേണം എന്നു ശാഠ്യം പിടിക്കുകയാണ്...അടുത്ത നിമിഷം എന്നെ ഞെട്ടിപ്പിച്ച അടുത്ത ചേദ്യം തമിഴ് ചുവയുള്ള മലയാളത്തിൽ ആ  കളമൊഴി മൊഴിഞ്ഞു...
''നിങ്ങളെ കണ്ടിട്ട് ഒന്നുമില്ലാത്തവരായി തോന്നുന്നില്ലല്ലോ....?''
തീർന്നു...ആ പുണ്യവതിയുടെ നിഷ്കളങ്കമായ കണ്ണുകൾ എന്റെയും മോളുടേയും അമ്മയുടേയും ശരീരത്തിലൂടെ ഇഴഞ്ഞു നടന്ന് ,ഞങ്ങളുടെ ശരീരത്തിലുള്ള ആഭരണങ്ങളെ സ്കാൻ  ചെയ്തു...ഇതു കൂടി കേട്ട,കണ്ട പാടെ..
അമ്മയുടെ മുഖം ഒന്നു കൂടി മുറുകുകയും ശബ്ദം ഉയരുകയും ചെയ്തു...
''ആരു പറഞ്ഞു ഞങ്ങൾക്കെല്ലാമുണ്ടെന്ന്...? ഞങ്ങളേയ് വാടകക്കാ നില്ക്കുന്നേ...''
സത്യം പറയാല്ലോ ആ പ്രസ്താവന എന്നെ വളരെയധികം ഞെട്ടിപ്പിച്ചു...
ഇനി ഇവർ തമ്മിലുള്ള സംഭാഷണം തുടർന്നാൽ വികാര വിക്ഷോഭം കൊണ്ട് അമ്മ  ഞങ്ങളുടെ കുടുംബ ചരിത്രം തെന്നെ പറഞ്ഞു പോകുമോ എന്ന ഭയം കൊണ്ടും
  ''എന്തെങ്കിലും കൊടുത്തേക്കമ്മേ എന്നു ഞാൻ പിറു പിറുത്തു...''
''ഊം....'' എന്നൊന്നു ഇരുത്തി മൂളിയിട്ട് അമ്മ അകത്തേക്കു പോയി...ഞാൻ പുറത്തു നിൽക്കുന്ന കൂസലില്ലാത്ത രൂപത്തെ ആരാധനയോടെ നോക്കി...
അകത്തു പോയ അമ്മ അഞ്ചു രൂപയുടെ നാണയവുമായി തിരിച്ചു വന്നു...''ഒരു ഹരിശ്രീ അശോകൻ സ്റ്റൈലിൽ ,ഇന്നാ മുണുങ്ങ് എന്ന ഭാവത്തിൽ '' അത് ആ ഭവതിക്കു കൊടുത്തു...അതു വാങ്ങി അടുത്ത വീട്ടിലേക്കുള്ള വഴി ചോദിച്ച അവരോട്...ക്ഷമയുടെ നിറകുടമായ അമ്മ വഴിയും പറഞ്ഞു കൊടുത്തു... ആ തരുണീമണി നടന്നകലുന്നത് ..കണ്ണിമ ചിമ്മാതെ ഞാൻ നോക്കി നിന്നു...മനസ്സിൽ ഒരു ചോദ്യം രൂപാന്തരം കൊണ്ടു...

''ഇനി ഇവർക്കു വല്ല ഭിക്ഷാടന അസോസിയേഷനുമുണ്ടോ ആവോ....?''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ