താമരപ്പൊയ്ക

എന്റെ മനസ്സെന്ന പൊയ്കയിൽ പൂത്ത ചിന്തകളാകുന്ന താമരമൊട്ടുകൾ ഇറുത്തെടുത്ത് ,ഇവിടെ വെയ്ക്കുന്നു...

2016, മാർച്ച് 21, തിങ്കളാഴ്‌ച

കത്തി

രണ്ടു ദിവസം മുൻപേ....ഒരു ഉച്ച സമയം...ചൂടു മൗനമായി ഞങ്ങളെ വെന്തുരുക്കുന്നു..താല്ക്കാലിക ആശ്വാസത്തിനായി ഫാൻ ഫുൾ സ്പീഡിൽ അതിന്റെ  ജോലി ചെയ്യുന്നുണ്ട്...ഈ ഞങ്ങൾ എന്നു വെച്ചാ  ഞാൻ ,അമ്മ,കുഞ്ഞമ്മായി...മകൾ ലച്ചു... ഊണു കഴിഞ്ഞ്  കുഞ്ഞമ്മായീടെ നാട്ടു വർത്താനോം  കേട്ട്  ഞങ്ങൾ മിണുങ്ങസ്യാ..  മൂപ്പത്ത്യാരുടെ  മുന്നിലങ്ങനെ ഇരിക്ക്യാണ്...സംഭവം പുള്ളിക്കാരീടെ സംസാരം കേൾക്കാൻ വല്ല്യ രസമാണ്‌...ഉച്ചത്തിലേ..സംസാരിക്കൂ,അതിന്റെ ഒരു ഒഴുക്കും,ശൈലിയും ഒന്നു വേറെയാണ്...ഞാൻ പലപ്പോഴും ആ ശബ്ദം  അനുകരിക്കാൻ ശ്രമിക്കുകയും, കെട്ട്യോന്റെ കൈയ്യീന്ന് ആവോളം  നുള്ളും വാങ്ങീട്ടുണ്ട്....എന്തായാലും ആ വാക്ചാതുര്യത്തിൽ ഞങ്ങളങ്ങനെ മുഴുകിയിരിക്കുമ്പോഴാണ്  അടച്ചിട്ട ഉമ്മറ വാതിലിനപ്പുറം,മുറ്റത്തു നിന്നും  ഒരു വിളി  മുഴങ്ങിയത്...
''ചേച്ചീ.... ''
വാതിൽ തുറന്നു നോക്കിയപ്പോ  കൈയ്യിൽ ഭാരമുള്ള സഞ്ചിയും തൂക്കി ഒരു സ്ത്രീരൂപം...
കനത്ത ചൂടിൽ വിയർത്തു കുളിച്ച്, കറുത്തു തടിച്ച,ഉയരം കുറഞ്ഞ  പ്രായം ഒരു  ഇരുപത്തെട്ടോളം തോന്നിപ്പിച്ച  ഒരു ചുരിദാറുകാരി...മുഖത്തു കൂടി വിയർപ്പു  ചാലിട്ടൊഴുകുന്നുണ്ട്...ചോദ്യഭാവത്തിലുള്ള  മൂന്നു മുഖങ്ങളിൽ നോക്കി  പുഞ്ചിരിച്ചു  കൊണ്ട് അവർ  ഉമ്മറപടിയിൽ കയറി നിന്നു കൊണ്ട് ചോദിച്ചു...
''ചേച്ചി കത്തി വേണോ ...''
അവർ  സഞ്ചി തുറന്നു... കാണിച്ചു...ഞാനും അമ്മായിയും എത്തി നോക്കി..പല നിറത്തിലുള്ള, പിടികളുമായി, പല സൈസിൽ വീതിയുള്ളതും , അല്ലാത്തതുമായ പല തരം കത്തികൾ....അമ്മ ഉടനേ പറഞ്ഞു ''വേണ്ട...''
ഞാൻ ആ മുഖത്തു നോക്കി... എനിക്കൊരു ചേച്ചിയുണ്ടായിരുന്നേൽ ആ പ്രായം വരും..എന്തു കൊണ്ടാണെന്നറിയില്ല എന്റെ ഹൃദയം ഈറനായി...
''വെള്ളം വേണോ...'' ഞാൻ ചോദിച്ചു ''വേണ്ട ചേച്ചി ഞാൻ അപ്പുറത്തെ വീട്ടീന്നു കുടിച്ചു...''
''വെയിൽ മുഖത്തടിക്കുന്നല്ലോ കയറിയിരിക്കൂ...''
''വേണ്ട ചേച്ചി ഞാനിവിടെ നിന്നോളാം...''
അവർ കത്തികളോരോന്നായി കാണിച്ചു..എന്റെ മനസ്സിൽ ഒരു പാട് ചോദ്യങ്ങൾ നങ്കൂരമിട്ടു....ഈ ചെറുപ്പക്കാരി എന്തിനാണ് ഈ പണിക്കിറങ്ങിയത്..ദതീർച്ചയായും അവർക്കു പിന്നിൽ വേദനിപ്പിക്കുന്ന ഒരു തിരക്കഥ കാണും.അതോർത്തപ്പോൾ തെന്നെ എന്റെ മനസ്സു വാടി..കുഞ്ഞു നാൾ മുതലേ അങ്ങിനെയാണ് സഹജീവികളുടെ  വേദന എന്നെ വല്ലാതെ ബാധിക്കും..(കുട്ടികാലത്ത് അച്ഛൻ വീട്ടിലൊരു  നായകുട്ടിയെ കൊണ്ടു വന്നു.അതു പട്ടിയാണെന്ന് അറിഞ്ഞ് അമ്മ അതിനെ  തോട്ടിൻ കരയിൽ കൊണ്ടു വിട്ടു..എതിർക്കാൻ ശക്തിയില്ലാതെ ഏഴു വയസ്സുകാരി ഞാൻ തേങ്ങി കരഞ്ഞു...അന്ന് അമ്മ പുറത്തു പോയ സമയം തൂക്കു പാത്രത്തിൽ ചോറും കൂർക്ക ഉപ്പേരിയും നിറച്ച് എഴുന്നേറ്റു നില്ക്കാൻ പോലുമാവാത്ത ആ പട്ടി കുട്ടിയെ ഞാൻ കാണാൻ പോയി.. അതിനു മുൻപിൽ വാഴയിലയിൽ ചോറും കൂർക്ക ഉപ്പേരിയും വിളമ്പിയ എന്റെ ബാല്യം അതിനെയോർത്ത് കരഞ്ഞതിനു, വേദനിച്ചതിന് കണക്കില്ല..) എന്തായാലും അമ്മ കത്തി വേണ്ടെന്ന് ശാഠ്യം പിടിക്കുകയാണ്. .അമ്മായിയുടെ മുഖത്ത് ഞാൻ ദയനീയമായി നോക്കി... വാങ്ങാൻ ഒരു താല്പ്പര്യ ഭാവം... അതു മുതലെടുത്തു കൊണ്ട് ഞാൻ പറഞ്ഞൂ ''അവർ കാണിക്കട്ടെ അമ്മേ നമുക്ക് നോക്കാലോ...?''
 ഓരോ കത്തിയും,വിലയും അവർ പറഞ്ഞു... എന്റെ മനസ്സിൽ  കത്തിയേക്കാൾ മൂർച്ചയുള്ള  വലിയ വേദന നിറഞ്ഞു നിന്നു..ഒടുവിൽ വീടെവിടെ എന്ന അമ്മയുടെ ചോദ്യത്തിനു മുന്നിൽ അവർ ആ കഥ പറഞ്ഞു...
അവരുടെ അച്ഛനും അമ്മയ്കും മൂന്നു പെൺകുട്ടികൾ മൂത്തയാൾ ഇവരാണ് വിവാഹം കഴിഞ്ഞു.. ഇളയവർ രണ്ടും പഠിക്കുന്നു.. അച്ചന് ഈ കത്തിയും ...മറ്റു ഇരുമ്പു സമാഗ്രികളും ഉണ്ടാക്കുന്ന ജോലിയാണ്..പക്ഷെ ഇപ്പോൾ അച്ഛൻ കിടപ്പാണ് വാൽവിനു തകരാറാണ്..അതുകൊണ്ട് അമ്മാവന്മാർ കത്തിയും മറ്റുമൊക്കെ നിർമ്മിച്ചു കൊടുക്കും ഇവർ കൊണ്ടു നടന്നു വില്കും...
എന്റെ ഹൃദയം ഈറനായി വിവാഹിതയായിട്ടും സ്വന്തം കുടുംബത്തിനു വേണ്ടി കഷ്ടപെടുന്ന ഒരുവൾ...ഒരു നിമിഷം...ഞാൻ ആ സ്ഥാനത്തു ഞാനായിരുന്നെന്കിലോ എന്നു ചിന്തിച്ചു...ഇവിടെ ഞാൻ... അമ്മ ഉണ്ടാക്കുന്ന സ്വാദിഷ്ടമായ ഭക്ഷണം കഴിച്ച് ...സൊറയും പറഞ്ഞ് ചൂടകറ്റാൻ ഫാനിന്റെ  ചുവട്ടിലിരിക്കുമ്പോൾ  എന്നെ പോലെ  ഒരുവൾ ജീവിക്കാൻ വേണ്ടി കത്തുന്ന വെയിലിൽ നിരത്തിലലയുന്നു...അത് ഈശ്വരന്റെ ഒരു  ഓർമ്മപെടുത്തലായിരുന്നോ...? അറിയില്ല..എന്തായാലും
എങ്ങനെയാണ്   അമ്മയെ കൊണ്ടും അമ്മായിയെ കൊണ്ടും ഓരോ കത്തി ഞാൻ എടുപ്പിച്ചത് എന്ന് എനിക്കിപ്പോഴും ഓർമ്മയില്ല അത്രയും വേദനയായിരുന്നു
..ഇറങ്ങാൻ നേരം എന്നോട്  അവർ പറഞ്ഞു..''നന്ദിയുണ്ട് ചേച്ചി..''
ആ കണ്ണുകളിലെ തിളക്കത്തിന് അപ്പോൾ വജ്രത്തേക്കാൾ ശോഭയുണ്ടായിരുന്നു...ഞാൻ പറഞ്ഞു...
''നെറ്റിയിലെ സിന്ദൂരം മാഞ്ഞു പോയിരിക്കുന്നു.. മാഞ്ഞു പോകാത്ത രീതിയിൽ ഇടണം അതൊരു ധൈര്യമല്ലേ... '' അങ്ങനെ ചെയ്യാമെന്നും പറഞ്ഞവർ നടന്നകന്നപ്പോൾ ബാക്കിയായൊരു വേദന കണ്ണേട്ടൻ  ഊണു കഴിക്കാൻ ഇങ്ങിയപ്പോ വിളിച്ചപ്പോൾ പറഞ്ഞു കൊണ്ടു മിഴികളിലൂടെ ഒഴുക്കി വിട്ടു...''കണ്ണേട്ടാ ഞാനാണ് ആ സ്ഥാനത്തെങ്കിൽ എന്ന് ഓർത്തു പോയി..''
അന്നേരം  കണ്ണേട്ടൻ തന്നൊരു മറുപടിയുണ്ട്...എന്താന്നോ....



''ഡാ നിനക്കു വേണ്ടി വെയിൽ കൊള്ളാൻ ഞാനില്ലേ....?? ''

വെയിലത്തല്ല  ജോലിയെങ്കിലും ആ വാക്കുകൾ  നിറച്ചത് എന്റെ മിഴി മാത്രമല്ല  ഹൃദയം കൂടിയാണ്...